Friday, August 2, 2013

കുടജാദ്രി


കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ പടിഞ്ഞാറന്‍ പര്‍വ്വതനിരകളില്‍ സുന്ദരിയാണ്‌ കുടജാദ്രി. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല വിശ്വാസികള്‍ക്കും,ഗവേഷകര്‍ക്കും,പര്‍വ്വതരോഹകര്‍ക്കും എല്ലാം പ്രിയമാണിവിടം, ആദി ശങ്കരാചാര്യരുമായി ബന്ധപെട്ട ചരിത്രവും വിശ്വാസങ്ങളും ആണ് കുടജാദ്രിയില്‍ മറ്റെന്തിനെക്കാളും പ്രധാനമായ ഒന്ന്

മഴക്കാലങ്ങളിലെ യാത്ര അത്ര സുഖകരമല്ലെങ്കിലും ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് അഭികാമ്യം,വാഹന മാര്‍ഗം കുടജാദ്രി "മൂലസ്ഥാനത്ത്" എത്താമെങ്കിലും ചെങ്കുത്തായ ചെരുവിലൂടെ തിങ്ങിനിറഞ്ഞ ഒത്ത വനത്തിലൂടെ കൊല്ലൂര്‍ നിന്നും കാല്‍ നടയായി കുടജാദ്രിയിലേക്ക് ഒരു യാത്ര അത് യുവത്വത്തിനു എന്നും ഹരം നല്‍കുന്ന ഒന്നാണ്,നാളുകള്‍ക്കു മുന്‍പ് ലഭിച്ച ആ സുവര്‍ണ്ണവസരം ഇന്നും കുളിര്‍മയോടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു ....
സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1341 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുടജാദ്രി, മൂകാംബിക വന്യജീവി സാങ്കേതത്തിന് തൊട്ടടുത്താണെങ്കില്‍ തന്നെയും വന്യമൃഗങ്ങളുടെ ശല്യം പറയത്തക്ക രീതിയില്‍ ഇല്ല.
കേരളത്തില്‍ നിന്ന് വരുന്നവര്‍ കൂടുതലും റയില്‍ മാര്‍ഗ്ഗം മംഗലാപുരം വഴി കുന്താപുര റയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കൊല്ലൂര്‍ എത്തുകയാണ് പതിവ് അത് പിന്തുടര്‍ന്ന് ഞങ്ങള്‍ രണ്ടാളും (സഹോദരി ഭര്‍ത്താവ്) കുന്താപുരയില്‍ സ്റ്റോപ്പ്‌ ഉള്ള ഓഖ എക്സ്പ്രസ്സില്‍ കണ്ണൂരില്‍ നിന്ന് കയറി അതിരാവിലെ അവിടെത്തി ബസ്‌ മാര്‍ഗം കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര പരിസരത്തെത്തി.
ബാംഗ്ലൂര്‍ നിന്ന് വന്ന സഹോദരന്‍ ഞങ്ങള്‍ക്ക് മുന്‍പേ അവിടെത്തിയിരുന്നു. മൂകാംബികയില്‍ നിന്ന് 21 കിലോമീറ്റര്‍  ദൂരം ഉണ്ട് കുടജാദ്രിയിലേക്ക്, അവിടുന്ന് കുളിച്ച് ഭക്ഷണം കഴിച്ച് ബസ്‌ മാര്‍ഗം ഞങ്ങള്‍ 11 111111പതിനൊന് കിലോമീറ്റര്‍  അകലെ ഉള്ള നിറ്റൂര്‍ എന്ന സ്ഥലത്ത് എത്തി,
അവിടെ നിന്നാണ് യഥാര്‍ത്ഥ  യാത്ര ആരംഭിക്കുന്നത്, തിങ്ങിയ മഴകാടുകളില്‍  കൂടി 10 കിലോമീറ്ററോളം  സഞ്ചരിച്ചു വേണം ലക്ഷ്യത്തില്‍ എത്താന്‍ ,കൂടെ ഉള്ള വാദ്യാര്‍ കാലടി സംസ്കൃത സര്‍വകലാശാല അദ്ധ്യാപകന്‍  ആയതിനാല്‍ അദേഹത്തിന് വളരെ സുപരിചിതമായ സ്ഥലമാണ്‌ കുടജാദ്രി മാത്രമല്ല മുന്‍പ് പല തവണ അദ്ദേഹം യുവജന സാന്നിധ്യത്തില്‍ ഇവിടം സന്ദര്‍ശിച്ചതുമാണ്.അദേഹത്തിന്റെ സാമീപ്യവും പുതുമയാര്‍ന്ന അറിവുകളും ഞങ്ങളില്‍ എന്തെന്നില്ലാത്ത ഒരു ആവേശം ചെലുത്തി,
തിങ്ങി നിറഞ്ഞ മഴകാടുകളില്‍ കൂടി 4 കിലോമീറ്ററോളം  ദൂരം സഞ്ചരിച്ച് 11 മണിയോടെ കാടിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമത്തില്‍ എത്തി 




അവിടെ കണ്ട ഒരു ചായ കടയില്‍ നിന്നും ഒന്നാന്തരം ചെറുപഴവും ആവശ്യത്തിനു  ഭക്ഷണ സാധനങ്ങളും ഒക്കെ ശേഖരിച്ചു യാത്ര തുടര്‍ന്നു വഴി മദ്ധ്യേ ഉള്ള  വിശ്രമങ്ങളില്‍ ആരോഗ്യം പകരാന്‍ അനിവാര്യമാണിവ.
 


കുത്തനെ ഉള്ള കയറ്റവും ഭീതി പടര്‍ത്തുന്ന അന്തരീക്ഷവും ഇടുങ്ങിയ വഴിയും ചെറുതായെങ്കിലും മനസ്സിനെ അലോസരപ്പെടുത്തി .ചരിത്ര പ്രാധാന്യം ഒട്ടേറെ നിറഞ്ഞു നില്‍ക്കുന്ന വഴികളിലൂടെ ഏറെ സഞ്ചരിച്ച് കുടജാദ്രി ക്ഷേത്ര പരിസരമായ മൂലസ്ഥാനത്തു എത്തുമ്പോള്‍ ഉച്ച തിരിഞ്ഞിരുന്നു. 
 
തണുത്ത അന്തരീക്ഷവും കുളിര്‍ കാറ്റും  ദൂര്‍ കാഴ്ചകളും യാത്രയുടെ ക്ഷീണം  അകറ്റുന്നതില്‍ നല്ല പങ്ക് വഹിച്ചു .ക്ഷേത്ര പരിപരിപാലനത്തിന് ഉള്ള ഒരു കുടുംബം അവിടെ ഉണ്ടായിരുന്നു . 
സന്ദര്‍ശകര്‍ക്ക് അവിടെ നിന്ന് ഭക്ഷണം ലഭിക്കുമെന്ന് അറിവുള്ളതിനാല്‍ ഉച്ച ഭക്ഷണവും  വിശ്രമവും അവിടെയാക്കി . 


വെയിലാറിയപ്പോള്‍ സര്‍വ്വനജ്പീഠം അഥവാ ശങ്കരപീഠം കാണുവാന്‍ അവിടുന്ന് 2 കിലോമീറ്റര്‍ അകലെ ഉള്ള കുന്നിന്‍ മുകളിലേക്ക് യാത്ര തിരിച്ചു തികച്ചും അപ്രതീക്ഷിതമായ പുല്‍മേടുകള്‍ താണ്ടിയുള്ള യാത്ര അതി മനോഹരമായിരുന്നു,അതിപുരാതനമായ ശങ്കരപീഠം ചരിത്ര ഗവേഷകരേയും വിശ്വാസികളെയും സംബന്ധിച്ചോളം പരമ പ്രധാനമായ ഒന്നാണ് .


ആത്യന്തിക സിദ്ധി ആചാര്യര്‍ക്ക് ലഭിച്ചു എന്ന് വിശ്വസിക്കുന്ന ഈ പുണ്യസ്ഥലം സന്ദര്‍ശിക്കുവാന്‍ നിരവധി ആളുകള്‍ ദിവസംതോറും  അവിടേക്ക് ഒഴുകി എത്തുന്നു .തെളിഞ്ഞ കാലാവസ്ഥയില്‍ അവിടുന്ന് പടിഞ്ഞാറേക്ക് മാറിയുള്ള സൂര്യാസ്തമയ കാഴ്ചയില്‍  അങ്ങ് അകലെ അറബി കടല്‍ പരന്നു കിടക്കുന്നത് കാണാം .



അവിടുന്ന് അല്പം മുന്നോട്ടു മാറി  ചെങ്കുത്തായ ഇടവഴിയിലൂടെ ഒരു കിലോ മീറ്ററോളം താഴേക്ക്‌ ഇറങ്ങിയാല്‍ ചരിത്ര പ്രധാനമായ ചിത്രമൂലയില്‍ എത്താം. ഇവിടെയാണ് ശങ്കരാചാര്യര്‍ തപസ്സിരുന്നതായി വിശ്വസിക്കുന്ന ഗുഹ സ്ഥിതിചെയ്യുന്നത്. ചെരിഞ്ഞ  പാറക്കെട്ടില്‍   50 അടിയോളം ഉയരത്തിലാണ് ഇതു നിലകൊള്ളുന്നത് അവിടുന്ന് നോക്കിയാല്‍ ദൂരെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ദര്‍ശിക്കാം, 
ഇത്രത്തോളം പ്രകൃതി ഭംഗി ആസ്വദിക്കാന്‍ പറ്റിയ മറ്റൊരിടം കുടജാദ്രിയില്‍ ഇല്ല എന്ന് തന്നെ പറയാം .മഴക്കാലങ്ങളില്‍ ഇടതൂര്‍ന്ന വെള്ളച്ചാട്ടങ്ങള്‍ കൊണ്ട് മനോഹരമാണിവിടം .
നേരം വൈകുന്നതിനു മുന്‍പ് മൂലസ്ഥാനത്ത് തിരിച്ച് എത്തണം അതിനാല്‍ വൈകിയില്ല യാത്ര തിരിച്ചു .വരുംവഴിയെ കാടിനുള്ളില്‍ കണ്ട ചെറു അരുവിയില്‍ കുളിച്ച് അടിവാരത്ത് എത്തി ഭക്ഷണം കഴിച്ചു. ഇന്നു രാത്രി കുടജാദ്രി മലകളില്‍ എവിടെയെങ്കിലും ശയിക്കാന്‍ ആണ് പദ്ധതി കൂടെ ഉള്ളവര്‍ ഉര്‍ജ്ജസ്വലരാണ് അതിനാല്‍ ഒട്ടും മുഷിപ്പ് തോന്നിയില്ല .കയ്യിലുള്ള കെട്ടും എടുത്ത് ശങ്കരപീഠത്തിന് നേര്‍ എതിരുള്ള മലയിലോട്ട് കയറി.
നേരം ഇരുട്ടിയിരിക്കുന്നു പ്രതീക്ഷിച്ചതിലും വളരെ അധികമായിരുന്നു അവിടുത്തെ തണുപ്പ് ,പക്ഷെ അതിനെ ഒന്നിനെയും വക വെക്കാതെ കുറച്ച് വിറകുകള്‍ ശേഖരിച്ച് ഒരു തീകൂമ്പാരം ഉണ്ടാക്കി , തണുപ്പ് അകറ്റാം എന്ന് മാത്രമല്ല,രാത്രി കാലങ്ങളില്‍ വന്യജീവികളുടെ ശല്യം ഒഴിവാക്കാം എന്ന ഒരു ഉദേശ്യവും അതിനു പിന്നില്‍ ഉണ്ടായിരുന്നു
ജീവിതത്തില്‍ തന്നെ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു രാത്രി ആയിരുന്നു അത്,പഴയകാല കഥകളും ചരിത്രങ്ങളും കൂടെ ഉണ്ടായിരുന്നു സഹോദരങ്ങള്‍ മാറി മാറി ഉരുവിടുന്നതും കേട്ടു ആ രാത്രി എന്നില്‍ നിന്നും മാഞ്ഞുപോയി...........

 
പര്‍വതങ്ങള്‍ക്കു മുകളില്‍ നിന്നുള്ള സൂര്യോദയം വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു,  മടക്കയാത്ര മുന്‍നിശ്ചയിച്ച പ്രകാരം മറ്റൊരു വഴിയെ ആയിരുന്നതിനാല്‍ നേരം തെല്ലും കളയാതെ അടിവാരത്തുള്ള ഗ്രാമത്തില്‍ എത്തി പ്രാതല്‍ കഴിച്ചു,


തുടര്‍ന്നു മുന്നോട്ടുള്ള യാത്ര വഴിയിലൂടെ  ആയിരുന്നില്ല, 15 കിലോമീറ്റര്‍  അകലെ ഉള്ള കൊല്ലുരിലോട്ടു വനത്തിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചിരുന്നു .ദിശ നിര്‍ണ്ണയത്തിന് സഹായകമായ ഒന്നും തന്നെ കരുതിയിരുന്നില്ല ,എന്നിരുന്നാലും മുന്നോട്ടു പോകാന്‍ തീരുമാനിച്ചു.
പതിറ്റാണ്ടുകള്‍ പഴക്കം ചെന്ന മരങ്ങളും ഇടതൂറന്ന കാടുകളും ,കാതടപ്പിക്കുന്ന ചീവീടുകളുടെ ശബ്ദംങ്ങളും തുടക്കത്തില്‍ ഭീതീജനകമായിരുന്നു ,എങ്കിലും തുടര്‍ന്നു അവയെല്ലാം സുഹൃത്തുക്കള്‍ ആയി മാറി.

ഏകദേശം 2 മണിക്കൂര്‍ നടന്നു കഴിഞ്ഞപ്പോള്‍ മുന്നില്‍ കണ്ട ഒരു കാട്ടരുവിയില്‍ കുളിച്ച് ക്ഷീണം അകറ്റാന്‍ തീരുമാനിച്ചു .കയ്യില്‍ ഇരുന്ന ചെറുകടികള്‍ കഴിച്ച് പ്രകൃതിയുടെ മനോഹാരിതയില്‍ ലയിച്ചിരുന്നു..


തുടര്‍ന്നുള്ള യാത്ര ദുരിതപൂര്‍ണ്ണമായിരുന്നു .  ഇടതൂര്‍ന്ന കാടുകളിലൂടെ മുന്നോട്ടു നീങ്ങാന്‍ നന്നേ കഷ്ടപ്പെട്ടു . അവയെല്ലാം അതിജീവിച്ചു യാത്ര തുടര്‍ന്നു ,പിന്നെയും ഏകദേശം 2 മണിക്കൂറുകളോളം  സഞ്ചരിച്ചപ്പോള്‍ കാടിനുള്ളില്‍ എവിടെനിന്നോ  ഒരു വെള്ളച്ചാട്ടത്തിന്‍റെ ശബ്ധം കാതില്‍ പതിച്ചു.
അത് ലക്ഷ്യമാക്കിയുള്ള യാത്ര ഫലം കണ്ടപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമാണ് മനസ്സിന് ഉണ്ടായത്. മ റ്റൊന്നും ചിന്തിച്ചില്ല വെള്ളച്ചാട്ടത്തിന്റെ കീഴില്‍ പരന്നു കിടക്കുന്ന നീലജലാശയത്തിലേക്ക് എടുത്ത് ചാടി....

വന്യജീവികളുടെ വിഹാര കേന്ദ്രം ആണെന്ന് തെല്ലും തോന്നാതിരുന്ന നിമിഷങ്ങളില്‍,ഉള്‍ക്കാടുകളില്‍ നിന്നെവിടുന്നോ കേട്ട ശബ്ദംങ്ങള്‍ ചെറുതായെങ്കിലും ഭയപ്പാടുണ്ടാക്കി,തുടര്‍ന്നു വൈകാതെ തന്നെ യാത്ര തിരിച്ചു ....
പിന്നെയും ഏതാനം ദൂരം സഞ്ചരിച്ചപ്പോള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചത് അരസനഗുഡി  വെള്ള ച്ചാട്ടം ആണെന്ന ഒരു ബോര്‍ഡ്‌ വഴി മദ്ധ്യേ കണ്ടു .

അവിടുന്ന് മുന്നോട് നീങ്ങാന്‍ ഒരു നടപ്പാത കിട്ടി അതിലൂടെ കുറച്ച് മുന്നോട്ട് സഞ്ചരിച്ചപ്പോള്‍ വാഹനങ്ങളുടെ ഹോണടി ശബ്ദം യാത്ര ശരിയായ ദിശയില്‍ തന്നെ ആണെന്ന് മനസിലാക്കി തന്നു .തുടര്‍ന്നു ചെന്ന് കയറിയത്‌ മൂകാംബിക ക്ഷേത്രത്തിനു 2 കിലോമീറ്റര്‍  അടുത്തുള്ള സ്ഥലത്തായിരുന്നു .അവിടുന്ന് കാടിനോടും കുടജാദ്രിയോടും യാത്ര പറയുന്ന അവസരത്തില്‍ ഇനിയും കാണാം എന്ന് മനസ്സില്‍ ഉതിര്‍ത്തപ്പോള്‍ യഥര്‍ത്ഥത്തില്‍ 10 മൈലോളം  കൊടുംങ്കാട്ടില്‍ കൂടിയാണല്ലോ  നടന്നു വന്നത് എന്ന തോന്നല്‍ മനസ്സില്‍ തെല്ലും ശേഷിച്ചിരുന്നില്ല ...........